ആത്മനാളവും , ജീവതാളവും

കവിത - ബഷീർ കളത്തിൽ

പച്ചക്ക്

മരണത്തിന്നുടുപ്പിട്ട്

ഗർത്തത്തിലേക്കെന്നെയാ നയിക്കെ,

മുഖമുള്ളൊരുത്തനും

ചാരത്തു പോരാത്ത

ചാവിന്റെ വേദന

തീണ്ടുന്നു വിഹ്വലം.

നോവിന്റെ കാറ്റെത്തി

ചാരെപ്പറന്നിപ്പോൾ, ഓതുന്നു മെല്ലെയെൻ,

മരണഗീതം.

ഒന്നു കണ്ടെന്റെ

മുത്തിനെ, മുത്തിയിട്ടന്ത്യം

വിടചൊല്ലിപ്പിരിയാനിനി.

ഊർധം വലിക്കുന്ന

ഉയിരിന്റെ തന്ത്രിയിൽ

ഇടറുന്ന ശ്വാസത്തിനിനിയില്ല

ജീവന്റെ യാത്മബന്ധം.

പകലും പടവും,

പടിയിറങ്ങുന്ന നേരം

ചാരത്ത് നീയുണ്ട്

ഞാനുണ്ട് നമ്മൾ തൻ

ജീവന്റെ താളമുണ്ടായിരുന്നു.

പയ്യെക്കിനാവുമോർമ്മയും

പോയ്പ്പോയ നേരം

പടിവാതിൽ ബന്ധിച്ച്

വിധിയെന്റെ -

യരികിൽ തുറക്കുന്നു

ശവ സഞ്ചികൾ.

അകലത്തിരുന്നു

നീയിടറുന്ന മനമോടെ

അരുതെന്ന്

മൊഴിയുന്നുണ്ടാര്

കേൾക്കാൻ .

ഹതഭാഗ്യലക്ഷത്തിൽ

ഒരുവനായെന്നോ

വിധി തീർത്തതാണെന്റെ

ജന്മകാണ്ഡം.