മനസ്സിൽ മാറ്റത്തിന്റെ ഉടയാടയണിഞ്ഞ് അപൂർവ്വമായ ഈദ് സംഗമം

പെരുന്നാൾ ദിവസം കണ്ണൂർ യൂനിറ്റി സെന്റർ സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ ന്യായാധിപൻ ഉൾപ്പെടെ സാഹിത്യ സാംസ്കാരിക രാഷ്ടീയ മത രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

കണ്ണൂർ: കോടിയുടുക്കാത്ത പെരുന്നാളിൽ വ്രതശുദ്ധിയുടെയും കോവിഡ് കാല മാറ്റത്തിന്റെയും ഹൃദയവസ്ത്രമണിഞ്ഞ് അപൂർവ്വമായ ഈദ് സുഹൃദ് സംഗമം. പെരുന്നാൾ ദിവസം കണ്ണൂർ യൂനിറ്റി സെന്റർ സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ ന്യായാധിപൻ ഉൾപ്പെടെ സാഹിത്യ സാംസ്കാരിക രാഷ്ടീയ മത രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. എല്ലാ വർഷവും കണ്ണൂർ യൂനിറ്റി സെന്ററിൽ പെരുന്നാൾ നമസ്കാരം വീക്ഷിക്കാനും ആശംസിക്കാനും ഇതര മതസ്ഥർക്ക് വേദിയൊരുക്കാറുണ്ട്. ഇത്തവണ കോവിഡ് നിയന്ത്രണത്തിൽ അത് മുടങ്ങിയെങ്കിലും മതബോധം ഹൃദയങ്ങളിൽ നട്ടുവളർത്തിയ സ്നേഹം അകലങ്ങളിലായാലും ഒരുമിപ്പിക്കും എന്ന മുദ്രാവാക്യത്തോടെയാണ് യൂനിറ്റി സെന്റർ പരിപാടി സംഘടിപ്പിച്ചത്. അതിഥികളും ക്ഷണിതാക്കളും സൂം മീറ്റിങ്ങിൽ ഒത്തു കൂടിയപ്പോൾ യൂനിറ്റി മീഡിയ ഡോട്ട് കോം പരിപാടി ലൈവായി സംപ്രേക്ഷണം ചെയ്തു. ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ലാ പ്രസിഡൻറ് പി.കെ. മുഹമ്മദ് സാജിദ് നദ്വി അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻമാരായ ടി.പത്മനാഭൻ, സച്ചിതാനന്ദൻ, സി.രാധാകൃഷ്ണൻ, കെ.ടി. ബാബുരാജ്, സി.രാധാകൃഷ്ണൻ

കണ്ണൂർ വിമാനതാവള ഡയരക്ടർ വി.തുളസീദാസ്, സബ് ജഡ്ജ് സി.സുരേഷ് കുമാർ , കെ.പി.സി.സി.പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങൾ, സി.പി.ഐ.നേതാവ് മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ, പി.കെ.പാറക്കടവ്, കണ്ണൂർ രൂപത വികാരി ജനറൽ ഫാദർ ദേവസ്യ ഈരത്തറ,ഫാദർ ജോസഫ് കാവനാടിൻ (തലശ്ശേരി അതി രൂപത) ജമാഅത്തെ ഇസ്ലാമി മേഖലാ നാസിമുമാരായ

വി.പി.ബഷീർ ,യു.പി. സിദ്ധീഖ്

മാസ്റ്റർ സുഹൃദ് വേദി ജില്ലാ സെക്രട്ടറി,കെ.വി.ജയരാജൻ

സതീശൻ മൊറായി തുടങ്ങിയവർ സംഗമത്തിൽ സംസാരിച്ചു.

ഇത് ആദ്യാനുഭവം- തുളസീദാസ്

പെരുന്നാളിൽ ഇത്തരമൊരു കൂടിച്ചേരൽ തന്റെ ജീവിതത്തിലെ ആദ്യാനുഭവമാണെന്ന് കണ്ണൂർ വിമാനതാവള ഡയരക്ടർ വി.തുളസീദാസ് പറഞ്ഞു. കൊറോണ വിമാന സർവീസുമായി ബന്ധപ്പെട്ട വളരെ തിരക്കേറിയ ചുതലകൾക്കിടയിലും യൂനിറ്റി സംഗമത്തിൽ പങ്കെടുത്തതിന്റെ താൽപര്യം അദ്ദേഹം എടുത്തു പറഞ്ഞു. വിമാന താവള സേവന പ്രത്യേകതകളും അദ്ദേഹം വിവരിച്ചു.

ഖുർആൻ സന്ദേശത്തിന് വലിയ പ്രാധാന്യമുണ്ട്-ടി.പത്മനാഭൻ

സഹിഷ്ണുതയും സഹാനുഭൂതിയും നഷ്ടമായി കൊണ്ടിരിക്കുന്ന ഈ കാലത്ത് ഖുർആനിന്റെ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് കഥാകാരൻ ടി.പത്മനാഭൻ പറഞ്ഞു. വേദങ്ങളുടെ മൂല്യ സങ്കൽപം ഉൾക്കൊള്ളാത്തതാണ് പ്രശ്നമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

വ്രതം നന്മയുടെ വിജയ പക്ഷം- സി.രാധാകൃഷ്ണൻ

നന്മയുടെ പക്ഷം ജയിച്ചു കയറാനുള്ളതാണ് വ്രതവും ധ്യാനവുമെന്ന് സാഹിത്യകാരൻ സി.രാധാകൃഷണൻ പറഞ്ഞു. കൊറോണയുടെ ഈ പ്രതിസന്ധി കാലത്ത് ഏറെ പ്രസക്തമാണിത്. വികാരങ്ങളെ നിയന്ത്രിക്കുക എന്നതാണ് ഏത് പ്രതിസന്ധി ഘട്ടത്തിലെയും ആയുധം. ദാനം നൽകി ശരീരം ശുദ്ധീകരിച്ചാലേ ധ്യാനം സഫലമാവുകയുള്ളൂ. ഇത് രണ്ടും റമദാൻ വല്ലാതെ മുന്നോട്ട് വെക്കുന്ന ഗുണങ്ങളാണ്.

മൂല്യങ്ങൾ മുറുകെ പിടിക്കേണ്ട കാലം:- സച്ചിദാനന്ദൻ

സാഹോദര്യത്തിന്റെ ആശ്ലേഷം പോലും വിലക്കപ്പെട്ട കാലത്ത് ഒത്തു ചേരാൻ പറ്റിയ ഉചിത മാർഗമാണ് യൂനിറ്റി സെന്റർ ഒരുക്കിയതെന്ന് സച്ചിദാനന്ദൻ. ഉയർന്ന അടിസ്ഥാന ധാർമ്മിക മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന കാലമാണ് റമദാൻ. സാഹോദര്യം, കാരുണ്യം ,ദാനം എന്നീ ഉയർന്ന മൂല്യങ്ങളെയാണ് റമദാൻ പ്രതിനിധീകരിക്കുന്നത്. ഇവയുടെ മൂല്യശോഷണമാണ് ഹിംസക്കും ഭീകരവാദത്തിനും ഇടയാക്കുന്നത്. അതിനാൽ റമദാൻ ഏറെ പ്രസക്തി നിറഞ്ഞ കാലത്താണ് കടന്നു വന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രകൃതിയും മതവും തിരിച്ചറിയപ്പെടുന്നു- സബ് ജഡ്ജ്

പെരുന്നാൾ പ്രാർഥന നേരിൽ കാണാനിടയായ അനുഭവത്തോടെയാണ് സബ് ജഡ്ജ് സി.സുരേഷ് കുമാർ സംസാരം തുടങ്ങിയത്.

കൊറോണ വരുത്തിയ മാറ്റത്തിൽ മനുഷ്യനൊഴികെയുള്ള ജീവജാലങ്ങൾക്കും പ്രകൃതിക്കുമാണ് സ്വാതന്ത്യം കിട്ടിയതെന്ന്

സബ് ജഡ്ജ് സി.സുരേഷ് കുമാർ പറഞ്ഞു. മൃഗങ്ങളും പക്ഷികളും സ്വതന്ത്രരാണ്. പരിസരങ്ങൾ തിരക്കില്ലാതെ ശാന്തമാണ്. മനഷ്യന്റെ ചൂഷണ മനസ്സ് കണ്ട് ദൈവം ബോധപൂർവ്വം സൃഷ്ടിച്ച മാറ്റമാണിത്. ഇത് മത വിശ്വാസിക്കും തിരിച്ചറിവ് നൽകണം.മനുഷ്യനെ ഒന്നിപ്പിക്കുന്ന മൂല്യമാണ് മതമെന്ന തിരിച്ചറിവാണ് വേണ്ടത്. സ്വന്തം ജീവിതത്തെ ക്രമപ്പെടുത്തുന്ന വിശ്വാസി സഹജീവിയുടെ ജീവിത ക്ഷേമവും പരിഗണിക്കണം. അതിനുള്ള അവസരമാണിത്.

വേണം ലോകസമാധാനം:

മുനവ്വിറലി തങ്ങൾ

ലോകസമാധാനത്തിനും മാനവികതക്കും വേണ്ടിയുള്ള പ്രാർഥനയും കർമ്മവും നിർവഹിക്കേണ്ട സമയമാണിതെന്ന് പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇന്നത്തെ സാഹചര്യം അതാണ് ആവശ്യപ്പെടുന്നത്. ഈ അവസരം അതിനായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാരുണ്യം പുഴ പോലെ ഒഴുകട്ടെ: മുല്ലപ്പള്ളി

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി പരസ്പരം നമ്മൾ താങ്ങും തണലുമാ വേണ്ടതിന്റെ പ്രസക്തി വർധിപ്പിച്ചുവെന്ന് കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.നോമ്പിന്റെയും പെരുന്നാളിന്റെയും സന്ദേശവും ഇത് തന്നെയാണ്. ലാളിത്യം ശീലിപ്പിക്കുന്നതാണ് ഇസ് ലാമിലെ ആരാധനാ രീതി. അത് പകർത്തേണ്ട കാലമാണിത്. നമുക്കിടയിൽ കാരുണ്യം പുഴ പോലെ ഒഴുകട്ടെ.

മനുഷ്യസ്നേഹത്തിന്റെ മഹാ മന്ത്രം- പന്ന്യൻ

മനുഷ്യ സ്നേഹത്തിന്റെ മഹാ മന്ത്രം ലോകത്തിന് പഠിപ്പിച്ച ഖുർആനും പ്രവാചക ജിവിതവും മാതൃകയാണെന്ന് സി.പി. ഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ. മുസ്ലിം സാമൂഹിക ഇടപെടലുകൾ പരസ്പര സ്നേഹത്തിന്റെയും ഊഷ്മളതയുടേതുമാണ്. വിശക്കുന്നവന്റെ യഥാത്ഥ പശിയറിയാൻ പ്രേരിപ്പിക്കുന്നതാണ് ഇസ് ലാമിലെ വ്രതാനുഷ്ഠാനം. മറ്റുള്ളവരെ ചേർത്ത് പിടിക്കാൻ പ്രേരിപ്പിക്കുന്ന ഇസ് ലാം കോ വിഡ് കാലത്തെ പ്രതിസന്ധിയിലും വലിയ വഴികാട്ടിയാവണം. ശീലങ്ങളെ മാറ്റിമറിച്ച കൊറോണയെ ഒറ്റക്കെട്ടായി നമുക്ക് നേരിടാമെന്നും അദ്ദേഹം പറഞ്ഞു..

ഇത് ആഴമുള്ള ബന്ധം: ഫാദർ ദേവസ്യ ഈരത്തറ

നിങ്ങളുമായുള്ള ബന്ധം വളരെ ആഴത്തിൽ അനുഭവിക്കുന്ന ഒരാളാണ് ഞാനെന്ന് കണ്ണൂർ അതിരൂപത വികാർ ജനറൽ ഫാദർ ദേവസ്യ ഈരത്തറ പറഞ്ഞു. പരസ്പരം സ്നേഹിക്കാനും സഹകരിക്കാനും ഏറെ അവസരമാണ് നിങ്ങൾ ഒരുക്കുന്നത്. ഇത് എന്നെന്നും നിലനിർത്തണമെന്നും എല്ലാവർക്കും ഈദിന്റെ തിരുസ്നേഹം സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അകന്നിരിക്കുമ്പോഴും അടുപ്പിക്കുന്ന സുകൃതം- പി.കെ. പാറക്കടവ്

വിഷാണു വിറപ്പിച്ചു അകറ്റി നിർത്തിയ കാലത്ത് എല്ലാവരെയും അടുപ്പിച്ചു നിർത്തുന്ന ദൗത്യമാണ് യൂനിറ്റി സെന്ററിന്റെതെന്ന് പി.കെ. പാറക്കടവ്. നമ്മിലേക്ക് തന്നെ ലോകം ചുരുങ്ങി. താനിത്രക്കേ ഉള്ളൂ എന്ന് അഹങ്കാരിയായ മനുഷ്യൻ തിരിച്ചറിഞ്ഞു. ഈ കൊറോണ പല പാഠങ്ങളും നൽകുന്നുണ്ട്.- അദ്ദേഹം പറഞ്ഞു.

യൂനിറ്റി സെന്റർ സെക്രട്ടറി കെ.എം.മഖ്ബൂൽ സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി സി.കെ.എ. ജബ്ബാർ, സോഷ്യൽ മീഡിയ കൺവീനർ മുഷ്താഖ് അഹമ്മദ്, കളത്തിൽ ബഷീർ, അസ്ഹർ ഏഴര എന്നിവർ സാങ്കേതിക നടപടികൾ നിയന്ത്രിച്ചു.