ഈദ് ആഘോഷം കോവിഡ് നിയന്ത്രണ പരിധി വിടരുത് - മുസ്ലിം സംഘടനകൾ

ലോക് ഡൗൺ നാലാം ഘട്ട ഇളവിന്റെ ആനുകൂല്യത്തിൽ ഈദ് ദിന ഇടപഴകലും യാത്രയും പൊതു ഇടങ്ങളിൽ അനിയന്ത്രിതമായ നിലയിലാവരുതെന്ന് മുസ്ലിം സംഘടനാ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അഭ്യർഥിച്ചു

കണ്ണൂർ: ലോക് ഡൗൺ നാലാം ഘട്ട ഇളവിന്റെ ആനുകൂല്യത്തിൽ ഈദ് ദിന ഇടപഴകലും യാത്രയും പൊതു ഇടങ്ങളിൽ അനിയന്ത്രിതമായ നിലയിലാവരുതെന്ന് മുസ്ലിം സംഘടനാ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അഭ്യർഥിച്ചു. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് സ്വയം ജാഗ്രത പാലിക്കാൻ ജനങ്ങൾ തയ്യാറാവണം. ഇപ്പോഴത്തെ ഇളവ് നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതക്കും അടിസ്ഥാന കാര്യത്തിനുള്ള സൗകര്യവുമെന്നതിൽ പരിമിതപ്പെടുത്തി അനാവശ്യമായ ഇടപഴകൾ സ്വയം നിയന്ത്രിക്കേണ്ടതാണ്. ഗൾഫിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേർന്നവരും അവരുമായി ബന്ധപ്പെട്ടവരും സ്വയം പാലിക്കേണ്ട കോറണ്ടൈൻ മര്യാദ സമൂഹത്തിന്റെ മൊത്തം സുരക്ഷയുമായി ബന്ധപ്പെട്ട ധാർമ്മികമായ ബാധ്യതയാണ്. സർക്കാറിന്റെ നിയമപരമായ ഉത്തരവാദിത്വ നിർവഹണം വിജയിക്കേണ്ടത് ജനങ്ങളുടെ ആത്മാർത്ഥത കൂടി ചേരുമ്പോഴാണെന്ന കാര്യം വിസ്മരിച്ചു കൂട. സാമൂഹിക അകലവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ മുന്നറിയിപ്പുകൾ പാലിക്കാൻ മുസ്ലിംകൾ നിയമപരമായി മാത്രമല്ല പ്രവാചക ചര്യയുമായി ബന്ധപ്പെട്ട വിശ്വാസപരമായ കടമയെന്ന നിലയിലും സ്വയം സന്നദ്ധരാവുന്നുണ്ട്. പള്ളികൾ അടച്ചിടുകയും റമദാൻ വേളയിൽ ഭവനങ്ങളെ ഭക്തി സാന്ദ്രമാക്കുകയും പെരുന്നാൾ നമസ്കാരത്തെ ഗാർഹിക തലത്തിലാക്കേണ്ടിയും വന്നത് ഉയർന്ന മാതൃകയാണ്. ഈ നിലപാടിന്റെ ഉദ്ദേശ്യശുദ്ധിയെ കളങ്കപ്പെടുത്തുന്ന വിധമാവരുത് ഈദ് സമ്പർക്കം. പെരുന്നാളിന്റെ ഗൃഹസന്ദർശനമുൾപ്പെടെയുള്ളവ സോഷ്യൽ മീഡിയ കൂടിക്കാഴ്ചകളിൽ പരിമിതപ്പെടുത്തിയും മറ്റും നിയന്ത്രിക്കണമെന്നും നേതാക്കൾ അഭ്യർഥിച്ചു.

  1. പി.പി. ഉമർ മുസല്യാർ (സമസ്ത )
  2. പി. കുഞ്ഞിമുഹമ്മദ് (മുസ്ലിം ലീഗ്)
  3. പി.കെ.അലികുഞ്ഞി ദാരിമി ( കേരള മുസ്ലിം ജമാഅത്ത്, )
  4. എ.കെ.അബ്ദുൽ ബാഖി (സുന്നി മഹല്ല് ഫെഡറേഷൻ)
  5. പി.കെ.മുഹമ്മദ് സാജിദ് നദ് വി (ജമാഅത്തെ ഇസ് ലാമി)
  6. പി.കെ. ഇബ്രാഹിം ഹാജി (കെ.എൻ.എം)
  7. സി.എ.അബൂബക്കർ (കെ.എൻ.എം മർകസുദഅ്വവ)
  8. അബ്ദുന്നാസർ സ്വലാഹി (വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ)

എന്നിവർ പ്രസ്താവനയിൽ ഒപ്പു വെച്ചു.