റമദാനിൽ പള്ളികളിൽ നിലവിലെ സ്ഥിതി തുടരാൻ മുസ്ലിം നേതാക്കളുമായി ധാരണ

മുഖ്യമന്ത്രി മുസ്ലിം നേതാക്കളുമായി ചർച്ച നടത്തി : റമദാനിൽ പള്ളികളിൽ തൽസ്ഥിതി തുടരും

ലോകം വിശുദ്ധ റമദാന് മാസത്തിലേക്ക് കടക്കുകയാണ്. ആത്മസംസ്കരണത്തിന്റെ വേളയായാണ് മുസ്ലിങ്ങള് ഇതിനെ കാണുന്നത്. വ്രതാനുഷ്ഠാനുങ്ങളുടെയും ദാനധര്മ്മാദികളുടെയും കാലം. റമദാന് കാലത്ത് പള്ളികളില് നടക്കുന്ന നമസ്കാരങ്ങള്ക്കും ജുമുഅക്കും വലിയ പ്രാധാന്യം കല്പ്പിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ വിശ്വാസികള് വലിയ തോതില് പള്ളികളിലേക്ക് എത്തുന്ന കാലമാണിത്. എന്നാല്, കോവിഡ് രോഗവ്യാപനത്തിന്റെ ഭീഷണി നിലനില്ക്കുന്ന സാഹചര്യത്തില് എല്ലാ ആരാധനാലയങ്ങളിലും നിലവിലുള്ള സ്ഥിതി തുടരാന് മുസ്ലിം സംഘടനാനേതാക്കളുമായും മതപണ്ഡിതന്മാരുമായും വീഡിയോ കോണ്ഫറന്സിലൂടെ നടത്തിയ ആശയവിനിമയത്തില് ധാരണയായി.

റമദാന് മാസത്തിലെ ഇഫ്താര്, ജുമുഅ, തറാവീഹ് നമസ്കാരം, അഞ്ച് നേരത്തെ ജമാ അത്ത്, കഞ്ഞിവിതരണം പോലുള്ള പ്രവര്ത്തനങ്ങള് എന്നിവയെല്ലാം വേണ്ടെന്നു വെക്കുന്നതാണ് ഇന്നത്തെ സാഹചര്യത്തില് നല്ലതെന്ന് മതപണ്ഡിതന്മാര് അഭിപ്രായപ്പെടുകയുണ്ടായി. ഇസ്ലാമിന്റെ ഏറ്റവും വലിയ പുണ്യകേന്ദ്രങ്ങളായ മക്കയിലും മദീനയിലും വരെ ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള് മതനേതാക്കള് തന്നെ ചൂണ്ടിക്കാണിച്ചു. കോവിഡ്-19 നിയന്ത്രിക്കുന്നതിന് സര്ക്കാര് നല്കുന്ന നിര്ദേശങ്ങള് പൂര്ണമായും പാലിക്കുമെന്ന് അവര് ഉറപ്പുനല്കി.

സാഹചര്യത്തിന്റെ ഗൗരവം ഉള്ക്കൊണ്ട് ശരിയായ നിലപാടെടുത്ത മതനേതാക്കളോട് സര്ക്കാരിന്റെ നന്ദി അറിയിക്കുന്നു. സമൂഹത്തിന്റെ ആവശ്യം അറിഞ്ഞ് പ്രവര്ത്തിക്കാനും പ്രതികരിക്കാനും കഴിവുള്ള നേതൃനിരയാണ് മത-സാമുദായിക സംഘടനകള്ക്കുള്ളത് എന്നത് സന്തോഷകരമാണ്. സമൂഹഭാവി കണക്കിലെടുത്ത് എല്ലാവിധ കൂടിച്ചേരലുകളും കൂട്ടപ്രാര്ത്ഥനകളും മാറ്റിവെക്കാന് ഏകകണ്ഠമായി നിലപാടെടുത്ത നേതാക്കളെ ഒരിക്കല്കൂടി അഭിനന്ദിക്കുന്നു. മഹാമാരി നേരിടുന്ന ഘട്ടത്തിലെ ഏറ്റവും ഔചിത്യപൂര്ണമായ നിലപാടാണ് ഇത്.

വ്രതകാലത്തെ ദാനധര്മ്മാദികള്ക്ക് വലിയ മഹത്വമാണ് ഇസ്ലാം കല്പ്പിക്കുന്നതെന്ന് നേരത്തെ പറഞ്ഞുവല്ലോ. രോഗപീഡയില് വിഷമിക്കുന്നവരുടെ സൗഖ്യത്തിനുതകുന്ന വിധത്തിലാവട്ടെ ഈ റമദാന് കാലത്തെ പ്രവര്ത്തനങ്ങള്. പാവപ്പെട്ടവരെ സഹായിക്കാന് ഭക്ഷണസാധനങ്ങളുടെ കിറ്റ് വിതരണം ചെയ്യുന്നത് റമദാന് കാലത്തെ പതിവാണ്. ഇത്തവണ ഈ കിറ്റ് അര്ഹരായവരുടെ വീടുകളില് എത്തിക്കുന്നത് വലിയ പുണ്യപ്രവൃര്ത്തിയായിരിക്കും.

മനുഷ്യരാശി അതിന്റെ ചരിത്രത്തില് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് 19. ജീവന്റെ നിലനില്പ്പിന് ഭീഷണിയാവുന്ന രോഗം വ്യാപിക്കാതിരിക്കാന് ചില സന്തോഷങ്ങള് നാം ത്യജിക്കേണ്ടതുണ്ട്. ആ ത്യാഗം റമദാന് സങ്കല്പപ്രകാരമുള്ളതുതന്നെയാണന്ന് സൂചിപ്പിക്കട്ടെ. ത്യാഗത്തിന് ഇങ്ങനെ ഒരു അര്ത്ഥംകൂടിയുണ്ടെന്ന സന്ദേശം വിശ്വാസി സമൂഹത്തിനിടയില് പടര്ത്താന് മതനേതാക്കളുടെ നേതൃത്വപരമായ ഇടപെടല് ഉണ്ടാകണമെന്ന് അഭ്യര്ത്ഥിക്കുകയാണ്.

എല്ലാ മതങ്ങളുടെയും ലക്ഷ്യം മനുഷ്യനന്മയാണ്. ജീവന് നിലനിര്ത്താനുള്ള പ്രവര്ത്തനത്തില് കവിഞ്ഞ മറ്റൊരു മനുഷ്യനډയില്ല. രോഗവ്യാപനം തടയുക എന്നതാണ് നമ്മുടെ പരമപ്രധാനമായ കര്ത്തവ്യം. ഇതിനനുസൃതമായി മറ്റെല്ലാ കാര്യങ്ങളും മുന്നോട്ടുകൊണ്ടുപോകണം. പൊതുസ്ഥലങ്ങളിലെ കൂട്ടായ്മ ഒഴിവാക്കിയും നൂതന സാങ്കേതിക വിദ്യ കഴിയുന്നത്ര ഉപയോഗിച്ചും വിശ്വാസപ്രകാരമുള്ള ചടങ്ങുകള് എങ്ങനെ നടത്താമെന്ന് ആലോചിക്കേണ്ടതാണ്.

വീഡിയോ കോണ്ഫറന്സില് പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്, കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര്, ടി പി അബ്ദുള്ളക്കോയ മദനി, തൊടിയൂര് മുഹമ്മദ് കുഞ്ഞ് മൗലവി, എം ഐ അബ്ദുൽ അസീസ്, ഡോ. ഇ കെ അഹമ്മദ്കുട്ടി, ഇ കെ അഷറഫ്, കമറുള്ള ഹാജി, അഡ്വ. എം താജുദ്ദീന്, ആരിഫ് ഹാജി, ഡോ ഫസല് ഗഫൂര്, സി.പി. കുഞ്ഞുമുഹമ്മദ് തുടങ്ങിയവര് സംസാരിച്ചു. വിവിധ കേന്ദ്രങ്ങളില് നിന്നാണ് ഇവര് വീഡിയോ കോണ്ഫറന്സില് പങ്കെടുത്തത്. ന്യൂനപക്ഷ ക്ഷേമമന്ത്രി കെ ടി ജലീലും പങ്കെടുത്തു.