​ആ ശ്രാവ്യാനുഭൂതി നുകർന്ന് പിന്നിൽ ചേരാൻ കഴിയുന്നില്ലല്ലൊ........!

അവിടുത്തെ ഓരോ മൺ തരികളും ഓരോ പ്രബോധകനാണ്. ഉദ്ഘാടന വേളയിൽ നമുക്ക് കിട്ടിയ വസ്വിയത്ത് ഒന്ന് മാത്രമായിരുന്നു. ഈ ഹർമ്യഗാംഭീര്യം സഫലമാക്കേണ്ടത് ജനകീയത കൊണ്ടായിരിക്കണം.

ഈണസൗന്ദര്യമണിഞ്ഞ ഹാഫിദ് കാസിം ഇമാമിന്റെ ഖുർആൻ പാരായണം കേൾക്കുമ്പോൾ ഹൃദയം നുറുങ്ങുന്നു.

ആ ശ്രാവ്യാനുഭൂതി നുകർന്ന് ഇത്തവണ പിന്നിൽ ചേരാൻ കഴിയുന്നില്ലല്ലൊ എന്നോർത്ത്. കണ്ണൂർ യൂനിറ്റി സെന്റർ കഴിഞ്ഞ വർഷങ്ങളിലെ ഓരോ റമദാനിലെയും ആത്മ നിർവൃതിയായിരുന്നുവല്ലോ. കണ്ണൂർ ജില്ലയിലെ ഇസ് ലാമിക പ്രബോധകരുടെ വിയർപ്പും അദ്ധ്വാനവും ചേർത്ത് അല്ലാഹു ദാനം ചെയ്ത സൗഭാഗ്യമാണ് യൂനിറ്റി സെന്റർ. അവിടുത്തെ ഓരോ മൺ തരികളും ഓരോ പ്രബോധകനാണ്. ഉദ്ഘാടന വേളയിൽ നമുക്ക് കിട്ടിയ വസ്വിയത്ത് ഒന്ന് മാത്രമായിരുന്നു.

ഈ ഹർമ്യഗാംഭീര്യം സഫലമാക്കേണ്ടത് ജനകീയത കൊണ്ടായിരിക്കണം. ആ വസ്വിയത്ത് എത്ര ഹൃദ്യമായാണ് അല്ലാഹുവിന്റെ സഹായത്താൽ ജനം ഏറ്റെടുത്തത്. ഓരോ റമദാനും കണ്ണൂർ നഗരത്തിന്റെ ആത്മീയ ചൈതന്യഗേഹമായി ഇവിടം പ്രഭയണിഞ്ഞു നിന്നു.


ജനപ്രിയമായിരുന്നു കാസിം ഉസ്താദിന്റെ തിലാവത്ത്. സംഘടനാ പക്ഷഭേദമില്ലാതെ വിശ്വാസികൾ റമദാൻ രാവുകളിൽ ഒഴുകി വന്നു. നിർധന സംരംഭങ്ങൾ കൈനീട്ടിയപ്പോഴെല്ലാം ഉദാരത ആകാശത്തോളം പ്രസരിപ്പിച്ച അത്താണിയായിരുന്നു റമദാനിൽ ഇവിടം ഒത്തുകൂടിയ വിശ്വാസി സമൂഹം. അവരുടെ കീശ ദാനത്തിനായി തുറന്നു വെച്ചു.


" യൂനിറ്റി " എന്ന വാക്കിനെ അർഥവത്താക്കി ബഹുസ്വര സമൂഹം പല ചാലുകളായി ഇവിടെ സംഗമിച്ചു. ഇഫ്താറുകൾ മാനവീക ഐക്യമായി. ഈദ് ദിനത്തിൽ മന്ത്രിയും ഉദ്യോഗസ്ഥരുമുൾപ്പെടെയുള്ള ഇതര സമുദായ സഹോദരങ്ങൾ ഒരേ മുസല്ലയിൽ മുസ് ലിം അണികളിൽ കൈകോർത്ത് നിന്നു.


മത സാംസ്കാരിക വൈവിധ്യതയുടെ പുതിയ ആകാശവും ഭൂമിയുമാണ് യൂനിറ്റി വെട്ടി തെളിച്ചത്.

കോവിഡ് കാലം കടന്നു വന്ന ഈ റമദാനിൽ ഇന്ന് ഹാഫിദ് കാസിം ആളൊഴിഞ്ഞ അകത്തളത്തിൽ ശ്രുതിമധുരമായി തന്നെ ഒറ്റക്ക് തന്റെ തിലാവത്ത് നിർവഹിക്കുന്നുണ്ട്.!! അതിന്നും കേൾക്കാൻ ഭാഗ്യമുള്ള ആ ചുമരുകൾക്ക് എന്തൊരു ഭാഗ്യം! പിന്നിൽ അണിചേരാൻ കഴിയാത്ത ആത്മ നൊമ്പരം ഉരുകിയ പ്രാർഥനയായി നമുക്ക് സമർപ്പിക്കാം. പൂർവ്വോപരി ജനനിബിഡമാകുമാർ സ്വഫുകളെ ചേർത്ത് നിർത്തുന്ന കോവിഡ് കാലാനന്തര സാമൂഹിക പുന:ക്രമീകരണത്തിനായി കൈ ഉയർത്തി പ്രാർഥിക്കാം.

ഒന്നിന് വേണ്ടിയല്ല. ഓർമ്മയിലുള്ള നമ്മുടെ സ്വപ്നഭവനങ്ങളായിരുന്ന ഓരോ മസ്ജിദുകളെയും സ്ഥാപനങ്ങളെയും ദുആയിൽ നമുക്ക് ചേർത്ത് വെക്കാം. റമദാനിന്റെ രാപ്രാർഥനകളിൽ നാഥനോട് ഇങ്ങനെ യാചിക്കാം:

"പടച്ചവനേ! നിന്റെ ഹറമുകളെയും നിനക്ക് സാക്ഷ്യം വഹിക്കാൻ ഞങ്ങൾ പണിത മസ്ജിദുകളെയും സ്ഥാപനങ്ങളെയും പൂർവ്വോപരി പ്രാർഥനാ സാഗരമാക്കുമാർ ജനങ്ങളെ ഒരുമിച്ചു ചേർത്ത് തരേണമേ! ഈ മഹാമാരിയെ ശാന്തമാക്കി നീ ഈ ലോക ക്രമത്തെ അതിവേഗം മാറ്റിപ്പണിയണമേ!"

സി.കെ.എ.ജബ്ബാർ