​ഏഴരപ്പെരുമ

മലബാർ മുസ്ലിം ചരിത്രത്തെ കൃത്യമായി പഠിക്കാൻ ശ്രമിക്കുന്നവർക്ക് ഒരു ഗേറ്റ് വേയ് ഓഫ് മലബാർ മുസ്ലിം ഹിസ്റ്ററിയാണ് അറബിക്കടലാഴങ്ങളുടെ കൊലുസ്സും ഞൊറിയുമായ ഏഴര. . അഗാർ എന്ന ചരിത്ര നാമധേയമുള്ള ഏഴരയുടെ ഭൂവിസ്തീർണം തെക്ക് വടക്ക് മൂന്ന് കിലോമീറ്ററും പടിഞ്ഞാറ് കിഴക്ക് ഒരു കിലോമീറ്ററുമാണ് - ബഷീർ കളത്തിൽ

മലബാർ മുസ്ലിം ചരിത്രത്തെ കൃത്യമായി പഠിക്കാൻ ശ്രമിക്കുന്നവർക്ക് ഒരു ഗേറ്റ് വേയ് ഓഫ് മലബാർ മുസ്ലിം ഹിസ്റ്ററിയാണ് അറബിക്കടലാഴങ്ങളുടെ കൊലുസ്സും ഞൊറിയുമായ ഏഴര. . അഗാർ എന്ന ചരിത്ര നാമധേയമുള്ള ഏഴരയുടെ ഭൂവിസ്തീർണം തെക്ക് വടക്ക് മൂന്ന് കിലോമീറ്ററും പടിഞ്ഞാറ് കിഴക്ക് ഒരു കിലോമീറ്ററുമാണ്. മരക്കൊട്ടയിൽ നിന്ന് തുടങ്ങി ശാലിയ ത്തെരുവ് വരെയുള്ള ജീവിതങ്ങളുടെ ശേഷിപ്പാണ് ഏഴരയെന്ന അഗാറിന്റെ ചരിത്രം. എടക്കാട്ടെ ഏറ്റവും ഉയരമുള്ള കുന്ന് ഏഴരക്കുന്നായിരിക്കാനാണ് (ആശാരിക്കുന്ന്) സാധ്യത. ആശാരിക്കുന്നിന്റെ തെക്കെ മുനമ്പിൽ നിന്ന് നോക്കിയാൽ ' ത്രിലോകങ്ങളും 'കാണാം. തെളിഞ്ഞ പ്രഭാതങ്ങളിൽ കിഴക്ക് ആകാശച്ചെരുവിൽ വരച്ച് വെച്ചത് പശ്ചിമഘട്ടത്തിന്റെ കാഴ്ച തന്നെയല്ലേ? പിന്നെ ഇടനാടിലെ സമൃദ്ധമായ തെങ്ങിൻതോപ്പുകളും മിനാരങ്ങളും, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ഒരു കൈ വെള്ളയിലെന്ന പോലെ.... പടിഞ്ഞാറ് അലകടലിലെ അസ്തമയക്കാഴ്ചയും രാത്രിയിലെ കണ്ണൂരിലെ ദീപശോഭയും നഗര വർണങ്ങളും കണ്ണൂരിലെ ലൈറ്റ് ഹൗസും ഏഴരക്കടപ്പുറത്തെ അന്തി നേരത്തെ ഒരിക്കലും നിലക്കാത്ത വടക്കൻ കാറ്റേറ്റ് കാണുന്നതും ആസ്വദിക്കുന്നതും ഏഴരാനുഭവത്തിലെ ധന്യതയാണ്. ഏഴരയിലെ ജനജീവിതമെന്നത് ഇരുളടഞ്ഞ ഒരു ഗ്രാമത്തിന്റെ ഇടുങ്ങിയ ഭൂതകാലത്തിന്റേതല്ല. തീരത്തിന്റെ മറുകരയിൽ നിന്നും പ്രവാചകനും മുമ്പുള്ള കാലത്ത് തീരമണഞ്ഞ പൂർവികരിൽ നിന്നാണ് ഏഴരയുടെ നരവംശ ശാസ്ത്രവും സാംസ്കാരികത്തനിമയും ഉടലെടുക്കുന്നത്. ആഴികളെ കൈവെള്ളയിലാക്കിയ ശുജായികളായിരുന്നു പൂർവികർ. ഒരു പക്ഷെ എടക്കാടിനും മുമ്പ് ഇസ്ലാമിക സാമൂഹിക ജീവിതം ഏഴരയിൽ ഉയിർ കൊണ്ടിരിക്കാം. കാരണം ഏഴരയിലെ ജനസമൂഹത്തിന്റെ നിറവും ആകാരവുമൊക്കെ കടലിനക്കരെ ഒമാനിലും യമനിലും ചേരുന്ന പ്രകൃതത്തിലാണ്. ഒമാനികളിലും യമനി കളിലുമുള്ള ശരീരഭാഷയും മുഖശ്രീയും ഏഴരയിലെ ജനസമൂഹങ്ങൾക്ക് സിദ്ധമാണ്. പ്രവാചകനും മുമ്പ് തന്നെ കച്ചവടാവശ്യങ്ങൾക്കായി അറബികൾ മലബാർ തീരത്ത് സമ്പർക്കം പുലർത്തിയിരുന്നത് സുവിദിദമാണ്. അന്നത്തെഅറബികളുമായി നടന്ന വൈവാഹിക ബന്ധങ്ങളിലൂടെ ഉയിർ കൊണ്ട ഇൻഡോ അറബ് സമൂഹമാണ് എഴരയിലേതെന്ന് അനുമാനിക്കാവുന്നതാണ്. കേരളത്തിലെ ഏത് മത്സ്യ ബന്ധന തുറമുഖങ്ങളിലെയും ജീവിത പരിസരങ്ങൾ പരിതാപകരമാണ്. ഒന്ന് സാമൂഹ്യഘടനയിൽ നമ്മുടെ ജാതി വിവേചനങ്ങളുടെ ചാപ്പ കുത്തലിന് അവർ വിധേയരായിട്ടുണ്ട്. സാമൂഹ്യ ശ്രേണിയിൽ അപമാനീകരണത്തിന്റെ നിരവധി ഉദാഹരണങ്ങൾ എടുത്തുപറയാനാവും. എന്നാൽ അറേബ്യയിൽ വിശിഷ്യ യമനിലും ഒമാനിലുമൊക്കെ മത്സ്യ ബന്ധനം നടത്തുന്നവർ സമൂഹത്തിലെ സമുന്നത ഗോത്രക്കാരാണ്. അതിന്റെ നേരനുഭവം ഏഴരയിലും നമുക്ക് കാണാം.കഴിഞ്ഞ തലമുറ വരെ സി ഫത്തൊത്ത ശുജായികളിൽ എല്ലാവരും മത്സ്യ ബന്ധനത്തിലേർപ്പെട്ടവരാണ്. കടന്നുവ രു ന്ന ആരോടും നിഷ്കളങ്കമായി പെരുമാറാനും അവരെ അംഗീകരിക്കാനും ഏഴര നിവാസികൾക്ക് പിശുക്കില്ല. കഴിഞ്ഞ ടേം വരെയും ഏഴരയെ പ്രതിനിധീകരിച്ച് എടക്കാട് പഞ്ചായത്തിലേക്കും കോർപ്പറേഷനിലേക്കും തിരഞ്ഞെടുക്കപ്പെട്ടത് മററ് ജില്ലകളിൽ നിന്ന് വന്ന് ഏഴരയിൽ അധ്യാപക വൃത്തിയിലേർപ്പെട്ടവരാണ്. 1980 വരെ വാഹന ഗതാഗതമില്ലാത്ത ദേശമായിരുന്നു ഏഴര ശാലിയ ത്തെരുവ് കഴിഞ്ഞാൽ ഇടുങ്ങിയ ഇടവഴിയിലൂടെ ഒരു കിലോമീറ്ററിലധികം വേണം മുനമ്പിലെത്താൻ. എടക്കാട് നിന്ന് രണ്ട് വഴികളാണ് ഏഴരക്കുന്നിന്റെ നെറുകയിലേക്ക്. ഒന്ന് ആശാരിക്കുന്ന് കയറ്റ മാണ്. ചെങ്കുത്തായ അനേക കൽപടവുകൾ കയറി നെറുകയിലെത്തിയാൽ പിന്നെ ഏഴരയെന്ന ലോകമായി. മറ്റൊരു വഴി ആയാറ കത്ത് പാലം കടന്ന് മുനമ്പത്തെ പള്ളിയിൽ പോകുന്ന വഴിയിൽ നിന്നും അൽപം പടിഞ്ഞാറോട്ട് മാറി വലിയ കിണറ്റിലെത്തുന്ന കൽപ്പടവുകളാണ്.പാറപ്പള്ളിയിലേക്കുള്ള സിയാറത്ത് തീർത്ഥാടകരുടെ സ്ഥിരം വഴിയാണിത്. 2001 ലെ ഉരുൾപൊട്ടലിൽ ഈ വഴി പൂർണമായും തകർന്നു. ഇപ്പോൾ കോട്ടയിലെന്ന് പറയുന്ന ഏഴരയുടെ തെക്കേമുനമ്പ് വരെ ഗതാഗത സൗകര്യമുണ്ട്. ഏഴരയുമായി എല്ലാ ബന്ധങ്ങളും എടക്കാട്ടുകാർ നിരന്തരം പുലർത്തിയിരുന്നു. ഏഴരക്കാരായ ധാരാളമാളുകൾ എടക്കാടെ പുതിയാപ്പിളമാരാണ്. വിവാഹ ബന്ധവും കുടുംബ ബന്ധവും കൊണ്ട് എഴരയും എടക്കാടും എലർത്തിയ ഈടുറ്റ ബന്ധം കാരണം ഏഴരയിലെ ഏത് സ്പന്ദനവും കുന്നിറങ്ങി എക്കാട്ടേക്ക് വരും. ആത്മീയമായി എടക്കാട്ടെ ഖാദി കുടുബത്തിന്റെ അവസാന കണ്ണികളിലൊരാളായ മൂസോ ട്ടി മുസ്ല്യാരായിരുന്നു അവസാനത്തെ പാരമ്പര്യ ഖാദിയെന്നാണറിവ്. ഏഴരയുടെ ചരിത്ര പുസ്തകത്തിൽ പൗരാണികതയുടെ ഗിരിമ പ്രഘോഷണം ചെയ്യുന്ന ആത്മീയ കേന്ദ്രമാണ് പാറാപ്പള്ളി. പാറപ്പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്നത് വാസ്കോഡ ഗാമയുടെ നാവികാക്രമത്തിൽ കൊല്ലപ്പെട്ട ഹജ്ജ്സംഘത്തിലെ ശഹീദാ കാനാണ് സാധ്യത. ഏഴരയുടെ തെക്കും വടക്കുമായി ക്കിടക്കുന്ന രണ്ട് മഖ്ബറകളാണ് കീഴുന്നപ്പള്ളി മഖാമും പാറാപ്പള്ളി മഖാമും . പാറാപ്പള്ളി നിലകൊള്ളുന്നത് കൂറ്റൻ തിരമാലകൾ ഒരിക്കലുമവസാനിക്കാതെ തലതല്ലുന്ന കൂറ്റൻ പാറക്ക് മുകളിലാണ്. അക്കാലത്തെ നിർമ്മാണ വൈഭവത്തിന്റെ മികച്ച ഉദാഹരണം. നൂറ്റാണ്ടുകളായി തിരമാലകൾ കൈയ്യെത്തിക്കാൻ നോക്കി പിൻവലിയുന്ന പള്ളി ഒരദ്ഭുത നിർമ്മിതി തന്നെ. ഏഴരയിലെ പോയ കാല ചരിത്രത്തിന്റെ ഏടുകൾ പുറത്തെടുക്കാൻ പാറപ്പള്ളിയെക്കുറിച്ച് കൃത്യമായ ചരിത്രഗവേഷണം നടത്തേണ്ടതുണ്ട്. പാപ്പള്ളിക്കുളം കടലുമായി ഒരു നേർത്ത ഭിത്തിയാണ് അതിരിടുന്നത്. എന്നിട്ടും ഭിത്തിക്കപ്പുറത്ത് ഉപ്പ് വെള്ളമാണെങ്കിൽ കുളത്തിൽ ശുദ്ധജലമാണ്. ദൈവാനു ഗ്രഹം ഏഴരയിൽ ഉറവപൊട്ടിയതിന്റെ നേരടയാളമായിരിക്കാ മിത്. മത്സ്യ ബന്ധനവും നാളികേര കൃഷിയുമാണ് കടലോര ഏഴരയിലെ പഴയ കാലത്തെ വരുമാനമാർഗം. എന്നാൽ കുന്നിൻ മുകളിലെ വിശാലമായ പുരയിടങ്ങളിലും പറമ്പിലും കശുമാവ് വ്യാപകമാണ്. കശുവണ്ടി സീസണിൽ ഇതൊരു വരുമാനമാർഗമാണ്. ഇപ്പോൾ ജനസാന്ദ്രത കൂടിയ ഏഴരയിൽ കശുമാവിന് ഇടമില്ലാതായി. സാഹസികമായി കാതങ്ങൾ താണ്ടിഒരു ദേശത്തിന്റെ ജീവതാളമായി മാറിയവരാണ് ഏഴരക്കാർ. ഭാഷയിലും ആചാരത്തിലും എടുപ്പിലും ഉടുപ്പിലും പോയ കാലത്തെ ജീവിതത്തിന്റെ ഉപ്പാക്കി മാറ്റിയവർ. അതിജീവനത്തിന് വീണ്ടും പ്രയാണമാരംഭിച്ചു. കർണാടകയിലും ആന്ധ്രപ്രദേശിലും മഹാരാഷ്ട്രയിലും പ്രവാസികളായി eചക്കേറി.ഏഴര മാപ്പിള സ്കൂളിലെ എൽ.പി.- വിദ്യാഭ്യാസത്തിന് ശേഷം തന്നെ തടുപ്പുടുത്തു ഉറുമാലും കെട്ടി ഇതര സംസ്ഥാനങ്ങളിലെത്തി. ഹോട്ടൽ, ടീ ഷോപ്പ്, ബീഡിക്കട, ചില്ലാനക്കട ', ഇതൊക്കെയാണ് ജീവിതോപാധികൾ. വണിക്കുകളുടെ ജീൻ അവരിലുള്ളതാണല്ലോ? ആന്ധ്രയിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ഏഴരക്കാരുടെ സ്ഥാപനങ്ങൾ ഗൾഫ് പ്രവാസത്തിന്റെ ഉച്ചസ്ഥായി വരെ കാണാമായിരുന്നു. ബാംഗ്ലൂർ നഗരത്തിലും റൂറൽ ഏരിയകളിലും ഏഴരക്കാരുടെ സാന്നിധ്യമില്ലാത്ത ഇടങ്ങളില്ലായിരുന്നു. (ഇന്ന് വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ ഏഴര മറ്റേത് മലബാർ ദേശങ്ങളെക്കാളും മുമ്പിലാണ് ) കടലാഴങ്ങളെ ഭേദിച്ച് അതിജീവനം നടത്തിയവർ അന്യഭാഷ സ്വായത്തമാക്കി . പ്രായോഗികബുദ്ധിയോടെ റെഡ്ഡിയുടെയും പട്ടാണിയുടെയും ഇഷ്ടക്കാരായി മാറിയ കാലം' അന്നത്തെ ഏഴര ബഹുഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന തലമുറയെ രൂപപ്പെടുത്തി. തെലുങ്ക് ,കന്നഡ, ഉർദു, മറാത്തി, ഹിന്ദി, തമിഴ് എന്നീ ഭാഷകളിൽ നന്നായി സംസാരിക്കാനറിയാവുന്നവരായിരുന്നു ഏഴരക്കാർ. പറഞ്ഞ് കേട്ട കഥയുണ്ട്. തീരദേശ സംരക്ഷണത്തിന്റെ പദ്ധതി പഠനത്തിന് അക്കാലത്ത് ഒരു കേന്ദ്ര സംഘം കേരളത്തിലെത്തിയ ത്രെ, അവർ ഏഴരയും സന്ദർശിച്ചു.മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലക്കാരനായ മേലുദ്യോഗസ്ഥനോട് മറാത്തി യിൽ തന്നെ ഏഴരക്കടപ്പുറത്തെ പുരുഷാരം കാര്യങ്ങളവതരിപ്പിച്ചു. ഇദേഹം ഈ അനുഭവം പിന്നീട് അയവിറക്കിയ ത്രെ! - എടക്കാടിനു മുമ്പ് തന്നെ പരിഷ്കരണാശയങ്ങൾ ഏഴരയിലെത്തി. തലശ്ശേരിദാറുസ്സലാം യതീംഖാനയുടെ ധനശേഖരണത്തിനു് അവിഭക്ത ഇന്ത്യയിലെ ഏതാണ്ടെല്ലാ നഗരങ്ങളും നിരന്തരം സന്ദർശിക്കാറുള്ള എം.സി.അബ്ദുൽ അസീസ് മൗലവി 1960 ൽ തന്നെ സലഫി ആശയങ്ങൾക്ക് പ്രദേശത്ത് വിത്തിട്ടിരുന്നു. എടക്കാട് പള്ളി സ്ഥാപിക്കുന്നതിനും വർഷങ്ങൾക്ക് മുമ്പെ പാറമ്മലെപ്പള്ളി സലഫി പ്പള്ളിയാക്കി മാറ്റി ജുമുഅ തുടങ്ങി. എടക്കാടെ ഏതാണ്ടെല്ലാ കുടുംബങ്ങളിലും ഏഴരയിലെ പുതിയാപ്പിളമാർ വിവാഹം നടത്തിയിട്ടുണ്ട്. റോഡും വഴിയുമൊക്കെ വരുന്നതിനു മുമ്പ് സന്ധ്യ കഴിഞ്ഞാൽ ചൂട്ടും ടോർച്ചുമായി കുഞ്ഞിളിയ മാർ കുന്നിറങ്ങുന്നത് പുഴക്കിക്കരെ വയൽ പരപ്പിനിപ്പുറത്തെ തുറസ്സിലുള്ള എന്റെ നിറമുള്ള കാഴ്ചയാണ്. അക്കാലത്ത് വിവാഹം നടക്കാറ് രാത്രിയിലാണ് .ഒന്നിലധികം പെട്രോമാക്സിന്റെ വെളിച്ചങ്ങളുമായി പുതിയാപ്പിളയും സംഘവും കുന്നിറങ്ങുന്നതും, പുതായാപ്പിളപ്പാട്ടുകളും ഇന്നലെയെന്ന പോലെ കാതോരമായി വന്നലക്കുന്നു. ഏഴരക്കടപ്പുറത്ത് അന്തി നേരത്ത് സംഘം ചേരുന്ന ദേശവാസികളിൽ അന്ന് നല്ലൊരു ശതമാനം ഇതര സംസ്ഥാനങ്ങളിൽ നിന്ന് അവധിക്ക് വരുന്നവരോ ,റിട്ടയർ ചെയ്തവരോ ആയിരിക്കും. നാട്ടുകാർക്ക് ആവേശം പകരുന്ന അനുഭവങ്ങൾ കടലിന്റെ സിംഫണിയിൽ നിരത്തി വെക്കുന്നത് ഒരു ഹരമുള്ള കുട്ടമായി അവർ ആഘോഷിച്ചു. ഞാൻ പറഞ്ഞുവല്ലോ? ഇതര ഭാഷകൾ അവർ സ്വായത്താമാക്കിയെന്നു്. ഒരുദാഹരണം പറഞ്ഞാൽ അതിന്റെ ആഴം ബോധ്യപ്പെടും. ശേരി എന്ന വിളിപ്പേരുള്ള ഒരു അബ്ദുൽ ഖാദർ ഏഴരയിലുണ്ടായിരുന്നു. (ഇദ്ദേഹവും എടക്കാടാണ് വിവാഹം ചെയ്തത് ) പരേതൻ ചെറിയ പ്രായത്തിൽ തന്നെ . ഉറുദു ബെൽട്ടിലുള്ള ഉത്തരേന്ത്യൻ നഗരത്തിൽ പിതാവിനൊപ്പം പോയതാണ് .പ0ന മൊക്കെ അവിടെത്തന്നെ. ഉറുദുവിൽ നല്ല ജ്ഞാനവും ഉർദു കവിതകൾ നന്നായി ആലപിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ശേരി ( ശാഇർ ) അഥവാ കവി എന്ന വിളിപ്പേര് വന്നത്. കടപ്പുറത്തെ അന്തിയിരുത്തങ്ങളിൽ ശേരി ഏഴരയെ യമുനയുടെ തീരത്തുള്ള മുഗൾ ശേഷിപ്പിന്റെ പുനരവതരണമാക്കി മാറ്റും. എന്റെ വീട്ടിൽ നിന്നും നോക്കിയാൽ നീണ്ടു കിടക്കുന്ന ഏഴരക്കുന്ന് കാണാം. വികസനത്തിന്റെ വെളിച്ചമുയരുന്ന നെറുക. അല്ലെങ്കിലും പോയ കാലത്തെ ഏഴരയിലെ നിഷ്കളങ്കരുടെ മുഖത്തെ ആവരണം ചെയ്തത് വെളിച്ചമല്ലാതെ മറ്റെന്താണ്?